ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രമുള്ള പ്രദേശമാണ് അവിണിശ്ശേരി. ശേരി അഥവാ ചേരികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം. വള്ളുകുന്നത്തുശ്ശേരി, പെരിഞ്ചേരി, ചെറുവത്തേരി, പാലിശ്ശേരി, അവിണിശ്ശേരി എന്നിങ്ങനെ ചേരി ചേര്‍ത്ത സ്ഥലനാമങ്ങള്‍ ജൈനമതം ഉണ്ടായിരുന്ന കാലം തൊട്ടെ ഉപയോഗിച്ചിരുന്നവയാണ്. ജൈനമതസ്ഥരുടെ ആരാധനാ മൂര്‍ത്തിയായ ആനയുമായി ബന്ധപ്പെട്ട ആനക്കല്ല് ഇപ്പോഴത്തെ പാറളം പഞ്ചായത്തിലുള്‍പ്പെട്ട പള്ളിപ്പുറം എന്നിവ ജൈനമതത്തിന് ഇവിടെയുണ്ടായിരുന്ന സ്വാധീനം വ്യക്തമാക്കുന്നു. 11 ക്ഷേത്രങ്ങളും 2 ക്രിസ്ത്യന്‍ പള്ളികളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ആരധനാലയങ്ങള്‍. ക്ഷേത്രങ്ങളോടനുബന്ധിച്ച് അനുഷ്ഠാനകലകളും ആചാരങ്ങളും പ്രചാരത്തിലുണ്ട്. ഇവയില്‍ ചിലത് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ട്. മറ്റു ചിലതാകട്ടെ ക്ഷയിച്ചുകൊണ്ടിരിക്കുന്നുതാനും. പറയന്‍തുള്ളല്‍, നന്തുണിപ്പാട്ട്, ചെറുശ്ശേരിക്കാവിലെ പൂതംകുളി എന്നിവ നാട്ടിലെ പ്രധാന അനുഷ്ഠാനകലകളാണ്. കൂടാതെ പെരുമണ്ണാന്‍സമുദായം നടത്തുന്ന നന്തുണിപ്പാട്ട്, പാണരുടെ(ഭാരത കുറവര്‍) മിഥുനമാസത്തിലെ കുറിഞ്ഞിപ്പാട്ട്, കര്‍ക്കിടകമാസത്തിലെ തുകിലുണര്‍ത്തു പാട്ട്, ചിങ്ങമാസത്തിലെ ഓണപ്പാട്ട്, പുള്ളുവന്‍മാരുടെ കളമെഴുത്തുപാട്ട് എന്നിവയൊക്കെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കലകളാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ച് നിരവധി പ്രാദേശികാചാരങ്ങളും നിലവിലുണ്ട്. ചെറുശ്ശേരിക്കാവില്‍ കന്നിമാസത്തിലെ അവസാനദിവസം നടത്തുന്ന പോത്തോട്ടം, പ്രധാനപ്പെട്ട തറവാടുകളില്‍ നടക്കുന്ന തോറ്റംപാട്ടുകള്‍, കളമെഴുത്തുപാട്ട്, മുടിയേറ്റ്, പല്ലിശ്ശേരി ക്ഷേത്രത്തിലെ ഐവര്‍കളി, കാളക്കളി, ദാരികന്‍ തുളളല്‍ എന്നിവയൊക്കെ പ്രധാന അനുഷ്ഠാനകലകളാണ്. പഞ്ചായത്തിലെ നാങ്കുളം ശാസ്താക്ഷേത്രം ചെറുവത്തേരി മേലേ തൃക്കോവില്‍ ക്ഷേത്രം എന്നിവയ്ക്ക് ആയിരത്തില്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്.പ്രസിദ്ധരായ ആയുര്‍വേദവൈദ്യന്മാര്‍ ധാരാളമായുണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു അവിണിശ്ശേരി. പണ്ടുകാലത്ത് ഇന്നാട്ടിലെ ജനങ്ങള്‍ രോഗനിവാരണത്തിന് കൂടുതല്‍ ആശ്രയിച്ചിരുന്നത് ആയുര്‍വേദത്തെയാണ്. മണ്‍മറഞ്ഞുപോയ പാറെക്കാട്ട് ശങ്കുവൈദ്യര്‍, ചെറുശ്ശേരി ശങ്കുണ്ണിവൈദ്യര്‍ എന്നിവര്‍ ആയുര്‍വ്വേദരംഗത്തെ ഭീഷ്മാചാര്യനായ ഇ.ടി.നീലകണ്ഠന്‍മൂസിന്റെ സതീര്‍ത്ഥ്യരായിരുന്നുവത്രെ. വിദ്യാലയങ്ങള്‍ രൂപീകരിക്കുന്നതിനു മുമ്പ് നിലത്തെഴുത്തു കേന്ദ്രങ്ങളായിരുന്നു പ്രധാന വിദ്യാകേന്ദ്രങ്ങള്‍. 1930-കള്‍ മുതല്‍ തന്നെ ദേശീയപ്രസ്ഥാനത്തിന്റേയും സ്വാതന്ത്ര്യസമരത്തിന്റേയും അലയൊലികള്‍ ഇവിടെയുമെത്തി. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സ്വദേശിവസ്ത്രം, ഖാദി എന്നിവയുടെ പ്രചാരണത്തിനും പുതുതായി ഒരു ഖാദിപ്രസ്ഥാനം സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു. 1937-ല്‍ കൊച്ചിന്‍ വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ എന്ന പേരില്‍ ഖാദിപ്രവര്‍ത്തനം ആരംഭിച്ചു. കിസാന്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍പ്പ്, കൈകൊണ്ട് കടലാസുണ്ടാക്കല്‍, ഖാദി നെയ്ത്ത്, മരച്ചക്കും കല്ലുചക്കും ഉപയോഗിച്ച് നെല്ല് കുത്തി അരിയാക്കല്‍, തീപ്പെട്ടിയുണ്ടാക്കല്‍ എന്നിവയിലായിരുന്നു പരിശീലനം. 150 പെണ്‍കുട്ടികള്‍ക്ക് നിരന്നിരുന്നുകൊണ്ട് മേല്‍പ്പറഞ്ഞ ജോലികള്‍ ചെയ്യാവുന്ന രീതിയിലായിരുന്നു ഇത് ക്രമീകരിച്ചിരുന്നത്.1930-കളില്‍ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ജയിലിലടക്കപ്പെട്ട പി.എസ്.ശങ്കുണ്ണിവൈദ്യരാണ് ഈ പ്രദേശത്തെ ആദ്യത്തെ ജയില്‍വാസം അനുഭവിച്ച സ്വാതന്ത്ര്യസമരസേനാനി. 1941-ല്‍ ഇദംപ്രഥമമായി പഞ്ചായത്തുരൂപീകരണമുണ്ടായപ്പോള്‍ പാലിശ്ശേരി, അവിണിശ്ശേരി വില്ലേജുകള്‍ ഉള്‍പ്പെടുത്തി കോടന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. ആദ്യപ്രസിഡന്റ്, സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍ ആയിരുന്നു. പഞ്ചായത്തിലെ ചില ക്ഷേത്രങ്ങള്‍ക്ക് ആയിരത്തില്‍പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അവിണിശ്ശേരി വില്ലേജില്‍ അവിണിശ്ശേരി, വള്ളിശ്ശേരി, പെരിഞ്ചേരി എന്നീ ദേശങ്ങളും, പാലിശ്ശേരി വില്ലേജില്‍ പാലിശ്ശേരി, ചെറുവത്തേരി എന്നീ ദേശങ്ങളുമുള്‍പ്പെടുന്നു. ഈ ദേശങ്ങളില്‍ പെരിഞ്ചേരി ഒഴിച്ച് ബാക്കി പ്രദേശങ്ങള്‍ കൈയ്യടക്കിവച്ചിരന്നത് വിവിധനമ്പൂതിരി ജന്മികുടുംബങ്ങളായിരുന്നു. പെരിഞ്ചേരി ദേശം മാത്രം തിരുവിതാംകൂറിന്റെ അധീനതയിലുള്ള പെരുമനം ദേവസ്വത്തിന്റെ കീഴിലായിരുന്നു. 1957-നുശേഷം നടപ്പിലാക്കിയ ഭൂപരിഷ്ക്കരണ നിയമം വഴി ജന്മിത്വവ്യവസ്ഥ ഈ മണ്ണില്‍നിന്നും തുടച്ചുനീക്കപ്പെടുകയും കുടിയാന്മാര്‍ക്കും കര്‍ഷകര്‍ക്കും ഭൂമി സ്വന്തമാവുകയും ചെയ്തു. നെല്‍കൃഷിമേഖലയില്‍ ഈ പഞ്ചായത്തില്‍ സാധാരണമായി വിരിപ്പ്, മുണ്ടകന്‍, പുഞ്ച, തേമാലി എന്നീ കൃഷിരീതികളാണ് നടത്തിവന്നിരുന്നത്. ഊര്‍ജ്ജിതനെല്ലുല്പാദനത്തിനുവേണ്ടി കടുംകൃഷിയെന്ന പരിപാടിയും പുഞ്ചകൃഷിക്കു പുറമെ കോള്‍നിലങ്ങളില്‍ നിലവിലുണ്ടായിരുന്നു. പഴയകാലത്ത് ജന്മി-കുടിയാന്‍ സമ്പ്രദായത്തില്‍ നിലനിന്നിരുന്ന കാണിക്കയും കാഴ്ചയും മറ്റും പില്‍ക്കാലത്ത് തൂത്തെറിയപ്പെട്ടു. അവിണിശ്ശേരി പഞ്ചായത്ത് വ്യാവസായികരംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്നു. ഏതാനും കുലത്തൊഴിലുകളായ സംരംഭങ്ങള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ മറ്റു യാതൊരുവിധ വ്യവസായങ്ങളും മുന്‍കാലത്ത് ഇവിടെ ഉണ്ടായിരുന്നില്ല. അടുത്തകാലത്താണ് ഇവിടെ വ്യവസായങ്ങള്‍ പടിപടിയായി വളര്‍ന്നത്. ആദ്യമായി ഇവിടെ ആരംഭിച്ച തൊഴില്‍കേന്ദ്രം ഖാദി ഉല്‍പാദനയൂണിറ്റാണ്. മനുഷ്യപ്രയത്നം മാത്രം ഉപയോഗപ്പെടുത്തി ഖാദി നൂല്‍ നൂല്പും, ഖാദി നെയ്ത്തും സ്വാതന്ത്ര്യലബ്ധിക്കു വളരെ മുമ്പുതന്നെ ഇവിടെ ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി ജന്മംകൊടുത്ത ഖാദിപ്രസ്ഥാനം ഏതാണ്ട് ആദ്യകാലത്തുതന്ന ഇവിടെയുമെത്തി. വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്റേയും മറ്റും പരിശ്രമഫലമായാണ് ഇത് ആരംഭിക്കാന്‍ കഴിഞ്ഞത്. വീടുകളില്‍ ഇരുന്നും, ഖാദികേന്ദ്രത്തില്‍ വന്നും നൂല്‍നൂറ്റ്, ഖാദികേന്ദ്രത്തിലെ തറികളില്‍ മുണ്ടുകള്‍ നെയ്തെടുത്തിരുന്നു. വളരെ കുടുംബങ്ങള്‍ക്ക് ഈ തൊഴിലില്‍ നിന്നുള്ള വരുമാനം ജീവിതമാര്‍ഗ്ഗമായി. പിന്നീടാണ് ടൈല്‍ഫാക്ടറികളുടേയും പാക്കിംഗ് കെയ്സ് ഫാക്ടറികളുടേയും വരവ്. ഓടുനിര്‍മ്മാണതൊഴിലാളികളും, പാക്കിംഗ് കേസ് തൊഴിലാളികളും അവരുടെ സേവനവേതന വ്യവസ്ഥകള്‍ രൂപപ്പെടുത്തുന്നതിനുവേണ്ടി സമരരംഗത്ത് അണിനിരക്കുകയുണ്ടായി. 1958-ല്‍ ഒടുകമ്പനിതോഴിലാളികളുടെ മിനിമം കൂലിയ്ക്കുവേണ്ടിയുള്ള സമരം, ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി 1978-ല്‍ പാക്കിംഗ് കേസ് തൊഴിലാളികളുടെ ഒരുമാസത്തിലേറെ നീണ്ടുനിന്ന സമരം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. 1955-ല്‍ മണലൂരില്‍ വച്ച് നടത്തിയ ചകിരിത്തൊഴിലാളിസമരത്തില്‍ നിരവധിപേര്‍ ഈ പഞ്ചായത്തില്‍ നിന്നും പങ്കെടുക്കുകയും അവര്‍ക്ക് പോലീസ്മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നു. തിരു-കൊച്ചിയുമായി ബന്ധപ്പെട്ട ഭരണാധികാരികളുടെ താല്‍പര്യത്തിന്റെ ഭാഗമായി ആരംഭിച്ച, സര്‍ക്കാര്‍, എയ്ഡ്ഡ് വിദ്യാലയങ്ങളായിരുന്നു അവിണിശ്ശേരി പഞ്ചായത്തിലെ ആദ്യകാലവിദ്യാകേന്ദ്രങ്ങള്‍. പ്രവര്‍ത്തനമാരംഭിച്ചത്. ഈ പഞ്ചായത്തിലെ പെരിഞ്ചേരി എ.എല്‍.പി.സ്ക്കൂളിന് എട്ട് പതിറ്റാണ്ടുകാലത്തെ ചരിത്രമുണ്ട്